ഏറ്റുമാനൂർ: തകർന്നടിഞ്ഞ കോടതിപ്പടി-തുമ്പശേരിപ്പടി റോഡിൽ യാത്ര ദുഷ്കരം. വാഹനയാത്ര മാത്രമല്ല, കാൽനടയാത്ര പോലും അസാധ്യമാകുംവിധം റോഡ് തകർന്നിട്ട് ആറു വർഷത്തിലേറെയായി.
എംസി റോഡിനെയും ഏറ്റുമാനൂർ-അതിരമ്പുഴ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽനിന്നും ഏറ്റുമാനൂർ-അതിരമ്പുഴ റോഡിൽ നിന്നും എംസി റോഡിലേക്കും തിരികെയും ഏറ്റുമാനൂർ ടൗണിൽ കയറാതെ ഈ റോഡിലൂടെ പോകാം.
എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ ഇതുവഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ഇത്ര പ്രാധാന്യമുള്ള റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്.
ജലവിതരണ പദ്ധതിക്കുവേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കാൻ ആറു വർഷം മുമ്പ് കുഴിയെടുത്തതോടെയാണ് റോഡ് ശോച്യാവസ്ഥയിലായത്. പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം കുഴി യഥാവിധി മൂടാതെ കോൺക്രീറ്റ് ചെയ്തെങ്കിലും വൈകാതെ തകർന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രക്ഷോഭങ്ങളെത്തുടർന്ന് രണ്ടു വർഷം മുമ്പ് പാച്ച് വർക്ക് നടത്തി റോഡ് ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ റോഡ് വീണ്ടും പാടേ തകർന്നിരിക്കുന്നു.
ഏറ്റുമാനൂർ നഗരസഭയുടെ പരിധിയിൽ വരുന്ന റോഡാണിത്. എന്നാൽ നിർദിഷ്ട റിംഗ് റോഡിനുവേണ്ടി ഏറ്റെടുത്തതിനാൽ ഇനി നഗരസഭയ്ക്ക് റോഡ് നന്നാക്കാൻ സാധിക്കില്ല.റിംഗ് റോഡിന്റെ നിർമാണം ആരംഭിക്കുന്നതിന് ഇനിയും കാലതാമസമുണ്ടാകുകയും ചെയ്യും. അതുകൊണ്ട് താത്കാലിക പരിഹാരമെങ്കിലും ഉണ്ടായേ തീരൂ എന്നാണ് നാട്ടുകാർ പറയുന്നത്.